ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെന്റിച്ച് ക്ലാസനും തമ്മിലുണ്ടായ കൊമ്പുകോര്‍ക്കലിനു ശുഭപര്യവസാനം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്നോട്ടുവച്ച 181 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഹെന്റിച്ച് ക്ലാസന് 26 പന്തില്‍ 47 റണ്‍സ് അടിച്ചിരുന്നു.
നൂര്‍ അഹമ്മദിന്റെ പന്തില്‍ ഉജ്വല സ്റ്റംപിംഗിലൂടെ സഞ്ജുവാണ് ക്ലാസനെ പുറത്താക്കിയത്. എന്നാല്‍, നിരാശനായ ക്ലാസന് ക്രീസ് വിടുന്നതിനു മുമ്പ് സഞ്ജുവിനെതിരേ വാക്ശരം തൊടുത്തു.
പ്രകോപിതനായ സഞ്ജുവും ശക്തമായി തിരിച്ചടിച്ചു. നൂര്‍ അഹമ്മദ്, ശിവം ദുബെ എന്നിവര്‍ ചേര്‍ന്നാണ് സഞ്ജുവിനെ പിടിച്ചുമാറ്റിയത്. അമ്പയറും രംഗം ശാന്തമാക്കാനെത്തി. മത്സരത്തില്‍ സണ്‍റൈസേഴ്സ് അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ സൗഹൃദം പുനഃസ്ഥാപിച്ചു. ഊഷ്മള വാക്കുകളോടെ, കെട്ടിപ്പിടിക്കുന്ന ചിത്രം ഇരുവരും പങ്കുവച്ചു.